ചിങ്ങവനം: വേമ്പനാട്ടുകായൽ കുറുകെ നീന്തിക്കടന്ന് ചിങ്ങവനം സ്വദേശിനിയായ മൂന്നര വയസുകാരി. ചിന്നു എന്ന് വിളിക്കുന്ന അങ്കണവാടി വിദ്യാര്‍ഥിനി എസ്തേര്‍ കൃഷ്ണകുമാര്‍ നേടിയത് മൂന്ന് റിക്കാർഡുകള്‍. ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, നാഷണല്‍ ബുക്ക് ഓഫ് റിക്കാർഡ്സ് എന്നിവയിൽ ഈ നേട്ടം ഔദ്യോഗികമായി രേഖപ്പെടുത്തിക്കഴിഞ്ഞു.
രണ്ടുമണിക്കൂർ 22 മിനിറ്റ് 15 സെക്കൻഡുകൾകൊണ്ടാണ് 5.5 കിലോമീറ്റര്‍ നീന്തിക്കടന്ന് എസ്തേര്‍ റിക്കാർഡുകൾ കൈപ്പിടിയിലൊതുക്കിയത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇത്രയും ദൂരം നീന്തിക്കടന്ന കുട്ടി എന്ന നിലയിലാണ് ബഹുമതികള്‍ എസ്തേറിനെ തേടിയെത്തിയത്.
ജീവന്‍രക്ഷാ സ്വിമ്മിംഗ് അക്കാദമിയും എമെര്‍ജിംഗ് വൈക്കവും ചേര്‍ന്നാണ് വേമ്പനാട്ടുകായലില്‍ നീന്തല്‍ സംഘടിപ്പിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് കൊല്ലത്തു നടന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് അഷ്ടമുടിക്കായല്‍ നീന്തിക്കടന്ന് ബെസ്റ്റ് സ്വിമ്മര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ശേഷമാണ് വേമ്പനാട്ടുകായലില്‍ പ്രകടനത്തിനിറങ്ങിയത്.
ചിങ്ങവനം സ്വദേശികളായ കൃഷ്ണകുമാര്‍-ക്രിസ്റ്റീന ദമ്പതികളുടെ മകളാണ്. ഒരുവയസുള്ള സഹോദരന് എസ്രയുമുണ്ട്. കുമ്മനം മീനച്ചിലാറിലെ ജീവന്‍രക്ഷാ സമിതിയിലാണ് പരിശീലനം. അക്കാദമിയിലെ ഗ്രാന്‍ഡ് മാസ്റ്ററും തുറമുഖം വകുപ്പിന് കീഴിലുള്ള റെസ്ക്യൂ ടീം ലീഡറുമായ അബ്ദുള്‍കലാം ആസാദാണ് പരിശീലകന്.